2008-ൽ ഐപിഎൽ ആരംഭിച്ചതുമുതൽ പഞ്ചാബ് കിങ്‌സ് ടീം ട്രോഫിയില്ലാത്തതാണ്. എന്നാൽ ബിസിനസ് രംഗത്ത് അവർ വൻ വളർച്ച കൈവരിച്ചിട്ടുണ്ട്. മിന്റ് റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബ് കിങ്‌സിന്റെ ആസ്തി മൂല്യം 1,195 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം വർധനയാണ് ഫ്രാഞ്ചൈസിക്കുണ്ടായത്. കിരീടം ലഭിക്കാത്ത ടീമിന് എങ്ങനെ ഈ നേട്ടം സാധ്യമാകുന്നു?

ഐപിഎല്ലിന്റെ സാമ്പത്തിക ഘടനയാണ് ഇതിനു പ്രധാന കാരണം. ബിസിസിഐയുടെ കേന്ദ്രീകൃത സംപ്രേക്ഷണ വരുമാനത്തിൽ പങ്കാളിയാകുന്ന ടീമുകൾക്ക് ഓരോ സീസണിലും ഏകദേശം 484 കോടി രൂപ ലഭിക്കുന്നു. പോയിന്റ് ടേബിളിലെ സ്ഥാനം പരിഗണിക്കാതെ ഈ തുക ലഭിക്കുന്നതാണ് പഞ്ചാബ് കിങ്‌സിന്റെ വിജയ രഹസ്യം. നിലവിലെ മീഡിയ റൈറ്റ്‌സ് കരാർ പ്രകാരം 48,390 കോടി രൂപയുടെ വരുമാനം പത്ത് ഫ്രാഞ്ചൈസികൾക്കായി പങ്കിടുന്നു. ടൂർണമെന്റിലെ പ്രകടനം ബിസിനസ് വളർച്ചയെ ബാധിക്കില്ലെന്നുള്ളതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

പ്രധാന സ്പോൺസർമാരിൽ സി.പി. പ്ലസ്, കെന്റ് മിനറൽസ്, ബി.കെ.ടി, ജിയോ, ഓള സീസൺസ്, നിപ്പോണ് പെയിന്റ് എന്നിവ ഉൾപ്പെടുന്നു. ഹെൽ എനർജി, ലിവ്ഗാർഡ്, ഫ്രീമാൻസ് ടൂൾസ് എന്നിവയാണ് മറ്റ് പ്രധാന പങ്കാളികൾ. ഈ സ്പോൺസർമാരുടെ പിന്തുണയോടെ പഞ്ചാബ് കിങ്‌സ് ബിസിനസ് രംഗത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്.

Photo and News Source: Dhanam