റിലയൻസ് റീട്ടെയിൽ ഹെയർകെയർ ബ്രാൻഡായ അനോമാലിയെ (Anomaly) സ്വന്തമാക്കി. പ്രിയങ്ക ചോപ്രയുടെ ഉടമസ്ഥതയിലുള്ള ഈ ബ്രാൻഡ്, പേഴ്സണൽ ഹെയർകെയർ വിഭാഗത്തില്‍ കൂടുതല്‍ വിപണി പങ്കാളിത്തം നേടാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ടിറ (Tira) വഴി അനോമാലി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പദ്ധതിയുമുണ്ട്. 28 സംസ്ഥാനങ്ങളില്‍ ടിറയ്ക്ക് സ്റ്റോറുകളുണ്ട്. 2021ലാണ് പ്രിയങ്ക അനോമാലി ബ്രാൻഡിന് തുടക്കമിട്ടത്. ഇന്ത്യയിലും വിദേശത്തും ബ്രാൻഡിന്റെ സാന്നിധ്യമുണ്ട്. ക്‌ളീന്‍, വെഗാന്‍ ഹെയർകെയർ ബ്രാൻഡായ അനോമലിയുടെ ഏറ്റെടുക്കല്‍, സൗന്ദര്യ, പേഴ്സണല്‍കെയർ വിഭാഗത്തില്‍ റിലയൻസ് റീട്ടെയിലിന് കൂടുതല്‍ മേധാവിത്വം നല്കുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പ്രസ്താവിച്ചു. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രിയങ്ക ചോപ്ര നിയമിതയാകും. ഏറ്റെടുക്കലിനുള്ള ഇടപാടിന്റെ മൂല്യം റിലയൻസ് വ്യക്തമാക്കിയിട്ടില്ല.

റിലയൻസ് റീട്ടെയ്ൽ മാര്‍ച്ചില്‍ 'പഹാഡി ലോക്കല്‍' (Pahadi Local) എന്ന പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ബ്രാൻഡിനെയും സ്വന്തമാക്കിയിരുന്നു. ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് പഹാഡി ലോക്കലിന്റെ സവിശേഷത. ഹിമാലയന്‍ ആപ്രിക്കോട്ട് കേര്‍ണല്‍ ഓയില്‍ ഇവരുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമാണ്. ലഡാക്ക്, ഹിമാലയ പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ പ്രചരിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.

Photo and News Source: Dhanam