വാഷിംഗ്ടണിൽ നിന്ന്: അമേരിക്കയുടെ ഇറാൻ നയത്തിന് 60 ദിവസം പിന്നിട്ടിട്ടും ട്രംപ് ഭരണകൂടം ലക്ഷ്യങ്ങളൊന്നും കൈവരിച്ചില്ലെന്ന് മുൻ അമേരിക്കൻ ഡെപ്യൂട്ടി അസിസ്റ്റൻ്റ് സെക്രട്ടറി ഓഫ് ഡിഫൻസ് ഡേവിഡ് സെഡ്‌നി. ഇറാനിലെ ഭരണമാറ്റം പോലുള്ള പ്രധാന ലക്ഷ്യങ്ങൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക വിജയം നേടിയെന്ന അവകാശവാദങ്ങൾ ഉണ്ടെങ്കിലും യാഥാർഥ്യം അതല്ലെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം.

ഇറാൻ സൈന്യം ശക്തിപ്പെടുന്നുഇറാനിലെ ഭരണകൂടം നിലനിൽക്കുകയാണെന്നും വെടിനിർത്തൽ കാലയളവിൽ തകർന്ന സൈനിക ശേഷി അവർ പുനർനിർമ്മിക്കുന്നുണ്ടെന്നും സെഡ്‌നി പറഞ്ഞു. യുദ്ധക്കളത്തിൽ വസ്തുതകൾ ട്രംപിന് അനുകൂലമല്ലെങ്കിലും വിവരങ്ങൾ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരാജയപ്പെട്ട സാഹചര്യത്തിലും വിജയം പ്രഖ്യാപിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അമേരിക്കൻ ജനത എത്രത്തോളം വിശ്വസിക്കുമെന്നതാണ് ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ധനവില ട്രംപിന് വലിയ വെല്ലുവിളിയാകും. ഗ്യാസോലിൻ വില ഉയർന്ന നിലയിൽ തുടരുന്നത് വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സെഡ്‌നി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള വിപണിയെ ബാധിക്കുന്നത് തുടരുകയാണ്.

Photo and News Source: Kvartha