തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടൻ വിജയ് നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പിന്റെ വേദന തനിക്ക് നന്നായി അറിയാമെന്നുമുള്ള വിജയിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫ് രംഗത്തെത്തി. വിജയിന്റെ സ്കൂൾ കാലഘട്ടത്തിലെ സഹപാഠിയാണ് മനു ജോസഫ്.
ചെന്നൈയിലെ ലയോള സ്കൂളിൽ മൂന്നാം ക്ലാസ്സിൽ താനും വിജയും സഹപാഠികളായിരുന്നു എന്ന് മനു ജോസഫ് ഓർമ്മിപ്പിച്ചു. വിജയിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖർ പ്രശസ്തനായ ചലച്ചിത്ര നിർമ്മാതാവായിരുന്നുവെന്നും, മകന് സിനിമയിൽ മികച്ച തുടക്കം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും മനു ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിലുള്ള മറ്റേതൊരു വ്യക്തിയെയും പോലെ പിതാവിന് ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ അതിനെ തമിഴ്നാട്ടിലെ യഥാർത്ഥ ദാരിദ്ര്യവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ എക്സ് ഹാൻഡിലിലൂടെയാണ് മനു ജോസഫ് ഈ വിമർശനം ഉന്നയിച്ചത്. "തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ താൻ ദാരിദ്ര്യത്തിലാണ് വളർന്നതെന്നും വിശപ്പ് എന്താണെന്ന് അറിയാമെന്നും വിജയ് പറഞ്ഞിരുന്നു. ഇത് തികഞ്ഞ അസംബന്ധമാണ്. സമ്പന്നരായ പലരും കയ്യിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും രണ്ട് കാര്യങ്ങളാണ്. ‘ദാരിദ്ര്യത്തിൽ നിന്ന് സമ്പന്നതയിലേക്ക്’ എന്ന തരത്തിലുള്ള കഥകൾ ഈ കാലഘട്ടത്തിലെ വലിയ നുണകളാണ്," എന്ന് മനു ജോസഫ് കുറിച്ചു.
വിജയിന്റെ ഈ പ്രസംഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നാണ് മനു ജോസഫിന്റെ വാദം. ഒരു പ്രമുഖ ചലച്ചിത്ര കുടുംബത്തിൽ നിന്ന് വന്ന വിജയിന്റെ ജീവിതസാഹചര്യങ്ങൾ സാധാരണക്കാരായ തമിഴ് ജനതയുടെ ദാരിദ്ര്യവുമായി ഒട്ടും ചേരുന്നതല്ലെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Photo and News Source: Janmabhumi










