കെ.എസ്.ആർ.ടി.സി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാനപ്പെട്ട പ്രകടനപത്രികയിലെ വാഗ്ദാനമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിനെ എതിർക്കുന്നതിന് പകരം, സ്വകാര്യ ബസ് ഉടമകളും വനിതകൾക്ക് സൗജന്യ യാത്ര നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഈ വാഗ്ദാനം പ്രഖ്യാപിച്ചപ്പോൾ പ്രതികരിക്കാതിരുന്ന സ്വകാര്യ ബസ് ഉടമകൾ, ഇപ്പോൾ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ എതിർപ്പുമായി രംഗത്തെത്തുന്നത് അർത്ഥശൂന്യമാണെന്നും പി.സി തോമസ് കൂട്ടിച്ചേർത്തു. സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Kerala Kaumudi