ഐപിഎൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, പ്ലേ ഓഫ് പോരാട്ടം അതീവ ആവേശകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിലെ പോയിന്‍റ് പട്ടിക പ്രകാരം മൂന്ന് ടീമുകൾ പ്ലേ ഓഫ് പ്രവേശനത്തിന് തൊട്ടരികിലാണ്. മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്‍റ്സും മാത്രമാണ് ടൂർണമെന്‍റിൽ നിന്ന് ഔദ്യോഗികമായി പുറത്തായത്. ബാക്കിയുള്ള എട്ട് ടീമുകളും പ്ലേ ഓഫ് പ്രതീക്ഷകൾ കൈവിടാതെ പോരാട്ടം തുടരുകയാണ്.
ഐപിഎൽ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരുടെ കണക്കുകൾ പ്രകാരം, 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റ് വീതമുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കാണ് പ്ലേ ഓഫിൽ ഇടംപിടിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. ഗുജറാത്തിന് 80.2 ശതമാനവും, ആർസിബിക്ക് 80.1 ശതമാനവും, ഹൈദരാബാദിന് 80 ശതമാനവുമാണ് സാധ്യത കൽപ്പിക്കുന്നത്. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റെങ്കിലും, 13 പോയിന്‍റുള്ള പഞ്ചാബ് കിംഗ്സിന് ഇപ്പോഴും 62.5 ശതമാനം സാധ്യത നിലനിൽക്കുന്നുണ്ട്.
മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചെന്നൈക്ക് 42.7 ശതമാനവും രാജസ്ഥാന് 41.8 ശതമാനവുമാണ് പ്ലേ ഓഫ് സാധ്യത. ചെന്നൈക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും നിർണായകമാണ്. മൂന്നിലും വിജയിച്ചാൽ മാത്രമേ അവർക്ക് സുരക്ഷിതമായി പ്ലേ ഓഫിലെത്താൻ സാധിക്കൂ. രണ്ട് ജയം മാത്രം നേടിയാൽ നെറ്റ് റൺറേറ്റ് നിർണായകമാകും.
ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സാധാരണയായി 16 പോയിന്‍റാണ് ആവശ്യമുള്ളത്. കഴിഞ്ഞ മൂന്ന് സീസണുകളിലും നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ടീമുകൾക്ക് 16 പോയിന്‍റ് ഉണ്ടായിരുന്നു. 14 പോയിന്‍റിൽ പ്ലേ ഓഫ് പ്രവേശനം സാധ്യമാകണമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും മികച്ച നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും. കൊൽക്കത്തയ്ക്ക് 11.6 ശതമാനവും ഡൽഹി ക്യാപിറ്റൽസിന് 1.2 ശതമാനവും മാത്രമാണ് നിലവിൽ സാധ്യതയുള്ളത്.
Photo and News Source: Asianet News










