പശ്ചിമ ബംഗാളിൽ അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി ബിജെപി സർക്കാർ മുന്നോട്ട്. പൊതുനിരത്തുകളിൽ നമസ്കാരം നിർവ്വഹിക്കുന്നത് കർശനമായി നിയന്ത്രിക്കുമെന്നും തെരുവുകളിൽ പ്രാർത്ഥനകൾ അനുവദിക്കില്ലെന്നും ബിജെപി എംഎൽഎ അർജുൻ സിംഗ് വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്. തെരുവുകളിൽ നമസ്കാരം അനുവദിക്കില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടെ, പക്ഷേ തെരുവുകളിൽ അത് സഹിക്കില്ല,” അർജുൻ സിംഗ് പറഞ്ഞു. കൊൽക്കത്തയിലെ റെഡ് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊതു പ്രാർത്ഥനകൾ ഇനി അനുവദിക്കില്ലെന്നും, കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്നുകാലി കടത്തിനെതിരെയും സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കന്നുകാലി കടത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കല്ലേറ് പോലുള്ള അക്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ അനധികൃത കന്നുകാലി ചന്തകൾ ഉടൻ അടച്ചുപൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി ജില്ലകളിലും തന്ത്രപ്രധാന മേഖലകളിലും നിരീക്ഷണം ശക്തമാക്കി കടത്ത് ശൃംഖലകൾ തകർക്കാനാണ് സർക്കാരിന്റെ തീരുമാനം.
കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് മുൻപ് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ വിഷയങ്ങളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്. ക്രമസമാധാന പാലനത്തിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാരിന്റേതെന്ന് അർജുൻ സിംഗ് ആവർത്തിച്ചു.
Photo and News Source: Janmabhumi










