കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലെ അനിശ്ചിതത്വം തുടരുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് കോൺഗ്രസിലെ മുതിർന്ന നേതാക്കളെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചു. മൂന്ന് ദിവസം മുൻപ് ചർച്ചകൾ അവസാനിച്ചെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നെങ്കിലും, തർക്കം രൂക്ഷമായതോടെയാണ് വീണ്ടും ചർച്ചകൾക്ക് കളമൊരുങ്ങുന്നത്.
കെ.പി.സി.സി മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർക്ക് ദില്ലിയിലേക്ക് എത്താൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ നേതാക്കളെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ ദില്ലിയിലേക്ക് വരുന്നില്ലെന്നും ഫോണിലൂടെ അഭിപ്രായം അറിയിക്കാമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ കെ.സി. വേണുഗോപാലിനൊപ്പമാണെങ്കിലും, പൊതുവികാരം വി.ഡി. സതീശന് അനുകൂലമാണെന്നതാണ് ഹൈക്കമാൻഡിനെ കുഴക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വി.ഡി. സതീശന് വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന. കോൺഗ്രസ് പ്രവർത്തകരും കേരള ജനതയും ആകാംക്ഷയോടെ ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
Photo and News Source: Kairali News










