പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ സൃഷ്ടിച്ച ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഏറ്റെടുത്ത് ഐടി മേഖല. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി പരമാവധി 'വർക്ക് ഫ്രം ഹോം' രീതി പിന്തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐടി ജീവനക്കാരുടെ സംഘടനയായ 'നൈറ്റ്സ്' പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സംഘടന കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു. ഐടി, ഐടി അധിഷ്ഠിത സേവന മേഖലകളിൽ സാധ്യമായ ഇടങ്ങളിലെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കോവിഡ് കാലത്ത് തെളിയിക്കപ്പെട്ടതുപോലെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഉൽപ്പാദനക്ഷമതയെ ബാധിക്കില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗൺ കാലത്ത് സൈബർ സുരക്ഷയ്ക്കും ക്ലൗഡ് സംവിധാനങ്ങൾക്കുമായി കമ്പനികൾ വൻ നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ, നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാണ്. മെട്രോ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഈ നടപടി സഹായിക്കും. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.
തൊഴിലുടമകളുമായി ഏറ്റുമുട്ടാനല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തത്തോടെ സഹകരിക്കാനാണ് ഈ നീക്കമെന്ന് സംഘടന വ്യക്തമാക്കി. ഡിജിറ്റലായി ചെയ്യാവുന്ന ജോലികൾക്ക് വർക്ക് ഫ്രം ഹോം തികച്ചും പ്രായോഗികവും സുസ്ഥിരവുമായ മാർഗ്ഗമാണെന്നും, ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് മുതൽക്കൂട്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Photo and News Source: Janmabhumi










