ലോകത്ത് പല കണ്ടുപിടിത്തങ്ങളും ആസൂത്രിതമായി ഉണ്ടായവ മാത്രമല്ല. പലതും അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ, അബദ്ധങ്ങളിൽ നിന്ന് പിറവിയെടുത്തവയാണ്. പ്ലാസ്റ്റിക്കും തീപ്പെട്ടിയും പോലെ തന്നെ, നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന പല ഭക്ഷണവിഭവങ്ങളും ഇത്തരത്തിൽ അബദ്ധവശാൽ ഉണ്ടായവയാണ്. അത്തരം ചില രുചികരമായ കഥകളിലൂടെ.

ലോകപ്രശസ്തമായ ചോക്കോ ചിപ്സ് കുക്കീസിന്റെ ഉത്ഭവം ഒരു തെറ്റിദ്ധാരണയിൽ നിന്നാണ്. മാസാച്യുസെറ്റ്‌സിലെ റസ്റ്റോറന്റ് ഉടമയായ റൂത്ത് വേക്ക്ഫീൽഡ് ചോക്ലേറ്റ് കുക്കികൾ ഉണ്ടാക്കുന്നതിനിടെ ചോക്ലേറ്റ് തീർന്നുപോയി. പകരം നെസ്ലേ ചോക്കോബാർ പൊടിച്ച് മാവിൽ ചേർത്ത് ബേക്ക് ചെയ്തു. ചോക്ലേറ്റ് അലിഞ്ഞുചേരുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. എന്നാൽ, ആ അബദ്ധം ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കുക്കീസായി മാറി.

ഉരുളക്കിഴങ്ങ് ചിപ്സിന്റെ കഥ ഒരു പാചകക്കാരന്റെ വാശിയിൽ നിന്നാണ് തുടങ്ങിയത്. ന്യൂയോർക്കിലെ റസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ജോർജ് ക്രം എന്ന പാചകക്കാരൻ വിളമ്പിയ ഫ്രൈസിന് കട്ടി കൂടുതലാണെന്ന് ഒരു ഉപഭോക്താവ് പരാതിപ്പെട്ടു. ദേഷ്യം വന്ന ക്രം ഉരുളക്കിഴങ്ങ് വളരെ കനം കുറച്ച് അരിഞ്ഞ് വറുത്തു നൽകി. ഇത് ഉപഭോക്താവിന് ഏറെ ഇഷ്ടപ്പെടുകയും പിന്നീട് ലോകമെമ്പാടുമുള്ള ജനപ്രിയ ലഘുഭക്ഷണമായി മാറുകയും ചെയ്തു.

1904-ലെ ലോകമേളയിൽ വെച്ചാണ് ഐസ്‌ക്രീം കോണുകൾ പ്രചാരത്തിലായത്. ഐസ്‌ക്രീം വിളമ്പാൻ പ്ലേറ്റുകൾ തീർന്നപ്പോൾ, തൊട്ടടുത്ത് വാഫിൾ വിൽക്കുകയായിരുന്ന സിറിയൻ അഭയാർഥി ഏണെസ്റ്റ് ഹാംവി തന്റെ വാഫിളുകൾ കോൺ രൂപത്തിലാക്കി നൽകി. ഇത് ഐസ്‌ക്രീം വിൽപനയെ എളുപ്പമാക്കുകയും കോൺ ഐസ്‌ക്രീം എന്ന പുതിയ ട്രെൻഡ് സൃഷ്ടിക്കുകയും ചെയ്തു.

നമ്മുടെ പ്രിയപ്പെട്ട പോപ്‌സിക്കിൾ അഥവാ ഐസ് കാൻഡി ഉണ്ടായത് വെറും പതിനൊന്ന് വയസ്സുകാരനായ ഫ്രാങ്ക് എപ്പേഴ്സൺ എന്ന ബാലന്റെ അശ്രദ്ധയിൽ നിന്നാണ്. മധുരമുള്ള പാനീയത്തിൽ കോലിട്ട് പുറത്തുവെച്ച ഫ്രാങ്ക് അത് മറന്നുപോയി. പിറ്റേന്ന് തണുപ്പിൽ അത് ഉറഞ്ഞ് ഐസ് കാൻഡിയായി മാറിയത് ചരിത്രമായി. അബദ്ധങ്ങൾ പലപ്പോഴും മനോഹരമായ കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കാറുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് വേറെയില്ല.

Photo and News Source: Mathrubhumi