കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കൂടിക്കാഴ്ച നടത്തും. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഖര്‍ഗെ ഡല്‍ഹിയിലേക്ക് എത്തുന്നത്.

ഇതിനിടെ, രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയുടെ വസതിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ അസാധാരണമായ കാലതാമസം ഒന്നും ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. "അവസാനവാക്ക് എക്കാലത്തും ദേശീയ നേതൃത്വത്തിന്റേതാണ്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം അപ്പാടെ അംഗീകരിക്കുന്നതാണ് പാര്‍ട്ടി നയം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടകകക്ഷികളുടെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തെ കാണാന്‍ പോകുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമായിരിക്കും ഉണ്ടാവുകയെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പ്രതികരിച്ചു. ജനാധിപത്യപരമായ രീതിയില്‍ ഉചിതമായ സമയത്ത് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കെ പി അനില്‍ കുമാറും വ്യക്തമാക്കി. പാര്‍ട്ടിയുടെയും മുന്നണിയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.

Photo and News Source: Siraj Live