കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം റാപ്പിഡ് റിപ്പെയര്‍ വാന്‍ മാസങ്ങളായി ഷോറൂമില്‍ കിടന്ന് നശിക്കുന്നു. എറണാകുളം ഡിപ്പോയുടെ കീഴിലുള്ള ആര്‍ആര്‍ടി-05 എന്ന വാഹനമാണ് സര്‍വീസ് പൂര്‍ത്തിയായിട്ടും തിരികെ വാങ്ങാന്‍ അധികൃതര്‍ തയ്യാറാകാത്തത്. കഴിഞ്ഞ മാര്‍ച്ച് 27-നാണ് 10,000 കിലോമീറ്റര്‍ ഇടവേള സര്‍വീസിനായി ഇടപ്പള്ളിയിലെ അശോക് ലെയ്‌ലാന്‍ഡ് ഷോറൂമില്‍ വാഹനം എത്തിച്ചത്.

അടുത്ത ദിവസം തന്നെ സര്‍വീസ് പൂര്‍ത്തിയായെന്നും 8500 രൂപ ബില്‍ തുക അടയ്ക്കണമെന്നും ഷോറൂം അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നര മാസമായിട്ടും വാഹനം ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ അനാസ്ഥ കാരണം ബസുകള്‍ ബ്രേക്ക്ഡൗണ്‍ ആകുമ്പോള്‍ അടിയന്തര സഹായം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

വാഹനം ഇല്ലാത്തതിനാല്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ ബസുകള്‍ വഴിയില്‍ കിടക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അടിയന്തരമായി വാഹനം തിരികെ എത്തിച്ച് സര്‍വീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.

Photo and News Source: Janmabhumi