ഡെൽഹി ആസ്ഥാനമായുള്ള എൽ.കെ ഫൗണ്ടേഷന്റെ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊച്ചിയിൽ വെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് വ്യത്യസ്ത വേദികളിലായി സംഘടിപ്പിച്ച ഈ ചലച്ചിത്ര മേള ചലച്ചിത്ര പ്രേമികൾക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. ഷാജി എൻ. കരുൺ, ശ്യാം ബെനഗൽ എന്നിവർക്കുള്ള അനുസ്മരണ ചടങ്ങുകളും മേളയുടെ ഭാഗമായി നടന്നു.
ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ഏകദേശം 1200-ഓളം ഹ്രസ്വചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മത്സരത്തിനെത്തിയത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. തമിഴ് ഹ്രസ്വചിത്രമായ 'റെഡ് സാൻഡ്' മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ ഡോക്യുമെന്ററി, ക്യാമ്പസ്, സ്റ്റുഡന്റ്സ്, ആനിമേഷൻ തുടങ്ങിയ വിഭാഗങ്ങളിലും മികച്ച ചിത്രങ്ങൾക്ക് പുരസ്കാരങ്ങൾ നൽകി.
ഏകദേശം 3500-ഓളം പ്രതിനിധികൾ മേളയിൽ പങ്കെടുത്തു. ചലച്ചിത്ര മേഖലയിൽ അമ്പത് വർഷം പൂർത്തിയാക്കിയ പ്രമുഖരെ ആദരിക്കൽ, ഓപ്പൺ ഫോറം, റെഡ് കാർപെറ്റ് തുടങ്ങിയവ മേളയുടെ പ്രത്യേകതകളായിരുന്നു. ജൂറി ചെയർമാൻ കമൽ, സംവിധായകരായ ടി.വി. ചന്ദ്രൻ, ഡോ. ബിജു, ഹൗബം പബൻകുമാർ, സുനന്ദ ബട്ട്, നടന്മാരായ രജത് കപൂർ, വിനീത് കുമാർ, സിംഗപ്പൂർ ഫിലിം ക്രിട്ടിക് ഫിലിപ് ഛേ, വി.കെ. ജോസഫ്, സണ്ണി ജോസഫ്, സോഹൻ റോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ സ്വാഗതം ആശംസിച്ചു.
Photo and News Source: Kerala Kaumudi










