സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെയും ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ക്യാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കമായി. ക്യാൻസർ ചികിത്സാരംഗത്തെ നൂതന സാങ്കേതികവിദ്യകളും ശസ്ത്രക്രിയാ രീതികളും ചർച്ച ചെയ്യുന്ന ഉച്ചകോടി ഇന്ന് സമാപിക്കും.

ജപ്പാനിലെ എച്ച്.പി.ബി സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ, ഡോ. രാജാ കലയരശൻ, ഡോ. അനിൽ ഹെരൂർ തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ സംസാരിക്കും. വിദഗ്ധരുടെ നേതൃത്വത്തിൽ പാനൽ ചർച്ചകളും പ്രത്യേക പഠനക്ലാസുകളും പ്രാക്ടിക്കൽ സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

ക്യാൻസർ ചികിത്സാ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്കായി സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏകലവ്യ പുരസ്‌കാരം ഈ ഉച്ചകോടിയിൽ വെച്ച് പ്രഖ്യാപിക്കുമെന്നും സംഘാടകർ അറിയിച്ചു.

Photo and News Source: Kerala Kaumudi