രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ശക്തമായ ആശങ്കകൾക്കിടയിൽ, കേന്ദ്ര സർക്കാർ നാല് പുതിയ തൊഴിൽ ചട്ടങ്ങൾ (ലേബർ കോഡ്) ഔദ്യോഗികമായി പ്രാബല്യത്തിൽ വരുത്തി. നിലവിലുണ്ടായിരുന്ന സങ്കീർണ്ണമായ 29 തൊഴിൽ നിയമങ്ങളെ ലഘൂകരിച്ച് നാല് പ്രധാന ചട്ടങ്ങളായി ക്രോഡീകരിച്ചാണ് സർക്കാർ ഈ മാറ്റം നടപ്പിലാക്കുന്നത്. കഴിഞ്ഞ നവംബർ 21-ന് നിയമമായി മാറിയെങ്കിലും, നടത്തിപ്പിനായുള്ള മാർഗരേഖകൾ ലഭ്യമല്ലാത്തതിനാൽ നടപടികൾ വൈകുകയായിരുന്നു. ഇപ്പോൾ വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഈ പ്രക്രിയ പൂർത്തിയായി.

തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ, കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന് പുറമെ സംസ്ഥാന സർക്കാരുകളും സ്വന്തം നിലയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

വേതന നിയമം (2019), വ്യവസായ ബന്ധ ചട്ടം (2020), സാമൂഹിക സുരക്ഷാ ചട്ടം (2020), ജോലിസാഹചര്യ ചട്ടം (2020) എന്നിവയാണ് പുതുതായി നിലവിൽ വന്നത്. കുറഞ്ഞ വേതനവും ബോണസും ഉറപ്പാക്കുക, തൊഴിൽ തർക്കങ്ങൾ പരിഹരിക്കുക, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നിയമങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. എന്നാൽ, ഈ പുതിയ സംവിധാനം തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ തൊഴിലാളി സംഘടനകൾ നേരത്തെ തന്നെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

Photo and News Source: Suprabhaatham