തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ആരാധകർക്ക് ആവേശമായി പുതിയ ചിത്രമായ 'റൗഡി ജനാർദ്ദന'യുടെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ആക്ഷനും പ്രണയവും ഒരേപോലെ പ്രാധാന്യം നൽകുന്ന ഒരു പാൻ ഇന്ത്യൻ ഗ്രാമീണ ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത നിർമ്മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
യുവ സംവിധായകൻ രവി കിരൺ കോലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുറത്തിറങ്ങിയ പോസ്റ്ററിൽ മഴയത്ത് തോക്കുമായി നിൽക്കുന്ന വിജയ് ദേവരകൊണ്ടയുടെ മാസ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിൽ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്. വിജയിന്റെ നെഞ്ചിൽ കാൽവെച്ച് നിൽക്കുന്ന കീർത്തി സുരേഷിന്റെ ലുക്ക് ഏറെ കൗതുകമുണർത്തുന്നതും കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ ബന്ധത്തെ സൂചിപ്പിക്കുന്നതുമാണ്.
ആക്ഷനും റൊമാൻസും സമന്വയിപ്പിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അവതരണം സിനിമാ പ്രേമികളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ വർഷം ഡിസംബറിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.
Photo and News Source: Asianet News









