ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളിയിൽ വയോധികന് നേരെ ക്രൂരമായ ആക്രമണം. തൃച്ചാറ്റുകുളം കുഴിപ്പറമ്പ് നികർത്തിൽ വിജയൻ (64) എന്ന വയോധികനെയാണ് അയൽവാസിയും കുടുംബാംഗങ്ങളും ചേർന്ന് മർദ്ദിച്ചത്. പൂർവ്വവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളായ സത്താറും കുടുംബാംഗങ്ങളും ചേർന്ന് വിജയനെ ബലമായി പിടിച്ചുകൊണ്ടുപോയി സ്വന്തം വീട്ടുമുറ്റത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് വസ്ത്രങ്ങൾ അഴിച്ച് തെങ്ങിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. ഈ ക്രൂരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മർദ്ദനത്തിനിടെ വിജയന്റെ മൂക്കിന്റെ അസ്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വിജയനെ രക്ഷിക്കാൻ ശ്രമിച്ച കുടുംബാംഗങ്ങൾക്കും മർദ്ദനമേറ്റു. സത്താറും കുടുംബവും വിജയനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ടെന്നും, ആ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു. ഈ വിരോധമാണ് പുതിയ ആക്രമണത്തിന് കാരണമായത്. നിലവിൽ പ്രതികൾ ഒളിവിലാണെന്നും, അവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.
Photo and News Source: Kairali News









