മുംബൈ: ഏപ്രിലിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 57% കുറഞ്ഞ് 15 ടണ്ണായി. 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ആഭ്യന്തര വിപണിയിൽ സ്വർണ്ണവില റെക്കോർഡ് ഉയരുകയും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങളും ഇറക്കുമതിയിലെ ഇടിവിന് കാരണമായി.
2025 ഏപ്രിലിൽ 35 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, ഈ വർഷം 15 ടണ്ണായി ചുരുങ്ങുമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണ്ണവിലയെ സർവകാല റെക്കോർഡിലേക്ക് ഉയർത്തി. ഇത് ഉപഭോക്താക്കളെ വാങ്ങലിൽ നിന്ന് പിന്തിരിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പണമിടപാടുകൾക്കും സ്വർണ്ണ വിതരണത്തിനും കർശന പരിശോധനകൾ ഏർപ്പെടുത്തിയത് വിപണിയെ കൂടുതൽ ബാധിച്ചു. രേഖകളില്ലാതെ വലിയ അളവിൽ പണമോ സ്വർണ്ണമോ കൊണ്ടുപോകുന്നതിന് നിയന്ത്രണമുള്ളതിനാൽ വ്യാപാരികളും ജ്വല്ലറികളും സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിൽ ജാഗ്രത പുലർത്തുന്നു.
Photo and News Source: Sathyam Online










