ന്യൂഡൽഹി: സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് വിഭാഗത്തിന്റെ തലവനായിരുന്ന സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലൻ രാജിവച്ചതായി റിപ്പോർട്ടുകൾ.

ഏകദേശം നാലര വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം രാജിവെച്ചത്. 18 വർഷത്തെ ദീർഘകാല സേവനത്തിനിടയിൽ കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പുല്ലന്റെ പിന്മാറ്റം മാനേജ്മെന്റ് മാറ്റങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്നു.

ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലൂടെ രാജിവെച്ച കാര്യം സ്ഥിരീകരിച്ച അദ്ദേഹം, സാംസങ്ങുമായി ചേർന്ന 18 വർഷത്തെ യാത്ര അതിശയകരമായിരുന്നു എന്നും ഗാലക്സി ഫോണുകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് വീടുകളിലെത്തിച്ചത് വലിയ അഭിമാനമാണെന്നും പറഞ്ഞു.

ഭാവി പദ്ധതികളെക്കുറിച്ച് വിശദാംശങ്ങൾ നൽകാതിരുന്ന അദ്ദേഹം, പുതിയ അവസരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നതായി അറിയിച്ചു. 2022 ജനുവരിയിൽ മൊബൈൽ വിഭാഗം തലവനായി ചുമതലയേറ്റ പുല്ലൻ, മുമ്പ് എംഎക്സ് ഇന്ത്യയിലെ സെയിൽസ് ഹെഡ്, പ്ലാനിംഗ് വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സാംസങ് ഇന്ത്യ പുതിയ മൊബൈൽ വിഭാഗം തലവനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ എംഎക്സ് വിഭാഗം പ്രോഡക്റ്റ് മാർക്കറ്റിംഗും ഇ-കൊമേഴ്‌സും കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബർ പുതിയ ചുമതല ഏറ്റെടുക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Photo and News Source: Sathyam Online