ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രശ്നങ്ങളിൽ ഒന്നാണ് മൈക്രോ പ്ലാസ്റ്റിക് മലിനീകരണം. കുടിവെള്ളത്തിലും പ്രവേശിച്ചിരിക്കുന്ന ഈ സൂക്ഷ്മ കണങ്ങൾ മനുഷ്യരുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിനു ഭീഷണിയാണ്. ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ശാസ്ത്രലോകം നീണ്ടകാലം അന്വേഷിച്ചു വരുന്നു. ഇപ്പോൾ, വീട്ടുമുറ്റത്തെ 'അത്ഭുത മരം' എന്നറിയപ്പെടുന്ന മുരിങ്ങയാണ് ഈ പ്രശ്നത്തിനു പരിഹാരം നൽകാൻ ശേഷിയുള്ളത്.
ബ്രസീലിലെ സാവോപോളോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, മുരിങ്ങ വിത്തുകൾ കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളെ 99 ശതമാനത്തോളം നീക്കം ചെയ്യുമെന്ന് കണ്ടെത്തിയിരിക്കുന്നു. മുരിങ്ങ വിത്തുകളിലെ ലവണ സാരാംശം വെള്ളത്തിൽ കലർത്തുമ്പോൾ, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ പരസ്പരം ചേർന്ന് വലിയ കൂട്ടങ്ങളായി മാറുന്നു. ഇതിലൂടെ അവയെ ഫിൽട്ടർ ചെയ്യുന്നത് എളുപ്പമാകുന്നു.
മൈക്രോപ്ലാസ്റ്റിക് കണങ്ങൾ സാധാരണയായി നെഗറ്റീവ് വൈദ്യുത ചാർജുള്ളവയായതിനാൽ പരസ്പരം അകന്നുകിടക്കുന്നു. എന്നാൽ, മുരിങ്ങ വിത്തുകളിലെ പ്രോട്ടീനുകൾ ഈ ചാർജിനെ നിർജ്ജീവമാക്കി കണങ്ങളെ കൂട്ടിച്ചേർക്കുന്നു. ഇങ്ങനെ കൂടിച്ചേരുന്ന കണങ്ങളെ ഫിൽട്ടറിലൂടെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. പരിസ്ഥിതി പ്രശ്നങ്ങൾക്ക് പ്രാദേശിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ കണ്ടെത്തൽ.
Photo and News Source: Kerala Kaumudi Latest







