ന്യൂഡല്‍ഹി: ഇറാന്റെ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്നും ഇന്ത്യ പിന്മാറുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അമേരിക്കയുടെ ഉപരോധവും ട്രംപ് ഭരണത്തിന്റെ നിലപാടുകളും ഉണ്ടായിരുന്നിട്ടും, പദ്ധതിയോടുള്ള താല്‍പ്പര്യം ഇന്ത്യ തുടരുന്നു. ‘ടാക്റ്റിക്കല്‍ പ്രാഗ്മാറ്റിസം’ എന്ന തന്ത്രത്തിലൂടെ പദ്ധതി നിലനിര്‍ത്താനാണ് ഡല്‍ഹി തീരുമാനിച്ചത്.

അമേരിക്കയുടെ ഉപരോധം കടുക്കുന്ന സാഹചര്യത്തില്‍, തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല താല്‍ക്കാലികമായി ഒരു ഇറാനിയന്‍ ഏജന്‍സിക്ക് കൈമാറാനാണ് ഇന്ത്യ ആലോചിക്കുന്നത്. ക്രെയിനുകളും ഉപകരണങ്ങളും ‘ലീസ്’ അടിസ്ഥാനത്തില്‍ നല്‍കുമെന്നും, രാജ്യാന്തര സാഹചര്യം മെച്ചപ്പെടുമ്പോള്‍ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കുമെന്നും കേന്ദ്രം സൂചിപ്പിച്ചു.

ചാബഹാര്‍ ഇന്ത്യയെ പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ചരക്കെത്തിക്കാനുള്ള ഏക കവാടമാക്കുന്നു. ചൈനയുടെ ഗ്വാദര്‍ തുറമുഖത്തെ പ്രതിരോധിക്കാനും, റഷ്യ-യൂറോപ്പുമായുള്ള കണ്ണിയായ ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോറിനെ നിലനിര്‍ത്താനും ഇത് അത്യാവശ്യമാണ്.

Photo and News Source: Janam TV