മുംബൈയിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ ഏകോപിത റെയ്ഡിൽ 349 കിലോ കൊക്കെയ്ൻ (1745 കോടി രൂപ വില) പിടിച്ചെടുത്തു. ക്രിക്കറ്റ് പാഡുകളിലും കൈയുറകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ആറുമാസത്തെ രഹസ്യാന്വേഷണത്തിനു ശേഷമാണ് 'വൈറ്റ് സ്ട്രൈക്ക്' എന്ന ഓപറേഷൻ നടത്തിയത്.
നവി മുംബൈയിലും താനെയിലും വ്യാപിച്ചുകിടക്കുന്ന കലംബോളി-ഭിവണ്ടി ലോജിസ്റ്റിക്സ് ഇടനാഴിയിൽ പരിശോധന നടത്തി. കെ.ഡബ്ല്യു.സി വെയർഹൗസിങ് കോംപ്ലക്‌സിന് സമീപം മാരുതി സുസുക്കി സൂപ്പർ കാരി വാഹനം തടഞ്ഞു. അതിൽ നിന്നു 136 കിലോഗ്രാം കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെടുത്തു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു.
ഭിവണ്ടിയിൽ നിന്നും 213 പാക്കറ്റ് കൊക്കെയ്ൻ (ഒരു കിലോ വീതം) പിടിച്ചെടുത്തു. ഓരോ പാക്കറ്റും ഒമ്പത് പാളികളുള്ള പോളിത്തീനിലും കറുത്ത ഗ്രീസ് പദാർഥത്തിലും പൊതിഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അന്താരാഷ്ട്ര ലഹരി മരുന്ന് റാക്കറ്റിലെ നിർണായക കണ്ണികളെ തകർത്ത നടപടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ലഹരി മാഫിയാ സംഘത്തെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Photo and News Source: Kerala Online News









