നെയ്യാറ്റിൻകരയിലെ ഇരുമ്പിൽ കുളം നഗരസഭയുടെ കടുത്ത അനാസ്ഥയിൽ നശിക്കുന്നു. പന്ത്രണ്ട് വർഷം മുൻപ് സംസ്ഥാന പരിസ്ഥിതി വകുപ്പുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചാണ് നഗരസഭ കുളത്തെ അവഗണിക്കുന്നത്. അന്ന് 1.35 ലക്ഷം രൂപ മുടക്കി നവീകരിച്ച കുളത്തിന്റെ പരിപാലനത്തിനായി വർഷം തോറും അഞ്ച് ലക്ഷം രൂപ വീതം ചെലവഴിക്കണമെന്നായിരുന്നു കരാർ. എന്നാൽ, കരാർ ഒപ്പിട്ട ശേഷം ഇതുവരെ ഒരു രൂപ പോലും ഇതിനായി നഗരസഭ വിനിയോഗിച്ചിട്ടില്ല.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിലാണ് കുളം മാതൃകാപരമായ രീതിയിൽ നവീകരിച്ചത്. പരിസ്ഥിതി വകുപ്പിന്റെ 50 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് കുളം വൃത്തിയാക്കി നടപ്പാതയും തെരുവുവിളക്കുകളും സ്ഥാപിച്ചത്. ബോട്ടിങ് സൗകര്യം കൂടി വന്നതോടെ സംസ്ഥാനത്തെ മികച്ച കുളങ്ങളുടെ പട്ടികയിൽ ഇരുമ്പിൽ കുളം ഇടംപിടിച്ചിരുന്നു.

എന്നാൽ, തുടർഭരണസമിതികൾ പരിപാലനത്തിൽ കാണിച്ച വീഴ്ച കുളത്തെ വീണ്ടും നാശത്തിലേക്ക് തള്ളിവിട്ടു. ശശി തരൂർ എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കുട്ടികളുടെ പാർക്കും ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ബോട്ടിങ്ങിനായി ഉപയോഗിച്ചിരുന്ന വള്ളം കുളത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

വേനൽക്കാലത്ത് ജലനിരപ്പ് നിലനിർത്താൻ 75 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ഇപ്പോൾ നോക്കുകുത്തിയായി മാറി. കുളം കാടുകയറി നശിച്ചതോടെ പമ്പ് ഹൗസ് ഉണ്ടായിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. നഗരസഭ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയൊരു വികസന മാതൃകയാണ് പൂർണ്ണമായും ഇല്ലാതാകുന്നത്.

Photo and News Source: Mathrubhumi