മോഹൻലാൽ ആരാധകരുടെ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക സംഘടനയായ ലാൽകെയേഴ്‌സ്, സിനിമാ ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു പരിപാടിക്ക് വേദിയായി. ജുഫൈറിലെ മുക്ത സിനിമാസുമായി സഹകരിച്ച് 'ദൃശ്യം 3' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് വളരെ വിപുലമായാണ് സംഘടിപ്പിച്ചത്. ഒരു മലയാള സിനിമയുടെ ട്രെയിലർ ഇത്തരത്തിൽ വിപുലമായി പുറത്തിറക്കുന്നത് ഇതാദ്യമായാണ്.

പരിപാടിയിൽ ലാൽകെയേഴ്‌സ് പ്രസിഡന്റ് ഫൈസൽ എഫ്.എം. അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ ജഗത് കൃഷ്ണകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈജു കൻപ്രത്ത് സ്വാഗതവും ട്രഷറർ അരുൺജി നെയ്യാർ നന്ദിയും രേഖപ്പെടുത്തി. ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയ വേളയിൽ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സംഘാടകർ അഭിനന്ദിച്ചു. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3, പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ട്രെയിലർ വലിയ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. മാധ്യമപ്രവർത്തകരായ ജൂഹി, സുമേഷ്, ഷാഫി, മുക്ത സിനാമാസ് പ്രതിനിധികളായ പ്രസാദ്, ഗുലാം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂടാതെ, കലാ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. അരുൺ തൈകാട്ടിൽ, കിരീടം ഉണ്ണി, ഷാൻ, നന്ദൻ എന്നിവർ പരിപാടിയുടെ വിജയത്തിനായി നേതൃത്വം നൽകി.

Photo and News Source: Mathrubhumi