സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കർണാടകയ്ക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇന്ന് പ്രത്യേക ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. മെയ് 16 വരെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Photo and News Source: Sathyam Online