തായ്‌ലാൻഡിലെ ഒരു കഫേയിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ ബോധരഹിതരായ നാല് ഇന്ത്യൻ വിനോദസഞ്ചാരികളിൽ ഒരാൾ മരിച്ചു. തായ്‌ലാൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടതെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും, സംഭവത്തിൽ തായ്‌ലാൻഡ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി.
ഫുക്കറ്റിലെ ഒരു കഫേയിൽ വെച്ചാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ അഞ്ച് ഇന്ത്യൻ സഞ്ചാരികൾ കഫേയിൽ എത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ ഒന്നിനുപിറകെ ഒന്നായി ബോധരഹിതരായി വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില എംബസി അധികൃതർ നിരീക്ഷിച്ചുവരികയാണ്.
സംഭവത്തിൽ മരിച്ചയാളുടെ പേരുവിവരങ്ങളോ മരണകാരണമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക മാധ്യമങ്ങളും സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കുന്നില്ല. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Photo and News Source: Mathrubhumi








