2026-ലെ ഫിഫ ലോകകപ്പിനായുള്ള അർജന്റീനയുടെ 55 അംഗ പ്രാഥമിക ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയുടെ സാന്നിധ്യമാണ് ടീം ലിസ്റ്റിലെ ഏറ്റവും വലിയ പ്രത്യേകത. തന്റെ കരിയറിലെ ആറാമത്തെ ലോകകപ്പിന് തയ്യാറെടുക്കുന്ന 38-കാരനായ മെസ്സി ടീമിൽ ഇടംപിടിച്ചെങ്കിലും, അദ്ദേഹം തന്നെയായിരിക്കുമോ ടീമിനെ നയിക്കുക എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മെസ്സി, 8 ഗോളുകൾ നേടി ടീമിന്റെ മുന്നേറ്റത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പ് മെസ്സിയുടെ അവസാന ടൂർണമെന്റായിരിക്കുമെന്നാണ് ഫുട്ബോൾ ലോകത്തെ പൊതുവായ വിലയിരുത്തൽ. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം ഒരുപിടി യുവപ്രതിഭകൾക്കും സ്കെലോണി ടീമിൽ അവസരം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ പങ്കാളികളായ ലൗട്ടാറോ മാർട്ടിനെസ്, ഹൂലിയോ അൽവാരെസ്, റോമെറോ എന്നിവർ ടീമിൽ ഇടംനേടി. അതേസമയം, അലെജാൻഡ്രോ ഗാർനാച്ചോ, ഫ്രാങ്കോ മസ്താൻ്റുവോനോ, ക്ലോഡിയോ എച്ചെവേരി തുടങ്ങിയ യുവതാരങ്ങളെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മെസ്സിയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന പൗലോ ഡിബാലയ്ക്ക് ഇത്തവണ ടീമിൽ ഇടം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
Photo and News Source: Kairali News








