കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം വീണ്ടും നീളുമെന്ന് സൂചന. ഇന്ന് രാത്രിയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തലുകൾ എങ്കിലും, നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിൽ നടത്തുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂ. ജൻപത്ത് പത്തിലെ വസതിയിൽ നടക്കുന്ന ചർച്ചകൾക്കായി വി.എം. സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ആസൂത്രിതമാണെന്നും, ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം നീക്കങ്ങൾ ജനകീയമല്ലെന്നും കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. തീരുമാനം ഇനിയും വൈകുന്നത് പ്രവർത്തകരിലും പൊതുജനങ്ങളിലും വലിയ നിരാശയുണ്ടാക്കുന്നുണ്ടെന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ പട്ടികയിലില്ലെന്നും, ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തീരുമാനിക്കുന്നത് യു.ഡി.എഫ് മുഖ്യമന്ത്രിയെ ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് വലിയ പങ്കില്ലെന്ന് എം.എം. ഹസൻ പ്രതികരിച്ചു. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Sathyam Online









