ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (EVM) കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയ വഴിയും പൊതുവേദികളിലും ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ചെയ്തുകൊണ്ട് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതാണ് പ്രധാന ആരോപണം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഗാർഗ ചാറ്റർജി നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇത് രാഷ്ട്രീയ പാർട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് വഴിവെച്ചു. കൊൽക്കത്ത പോലീസ് കമ്മീഷണർ അജയ് നന്ദ് വ്യക്തമാക്കിയത് പ്രകാരം, ഈ വിഷയത്തിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ പോലീസ് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അടുത്തിടെ കൊൽക്കത്തയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഗാർഗ ചാറ്റർജി ഇവിഎമ്മുകളുടെ സുരക്ഷയെക്കുറിച്ച് പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച നാട്ടുകാർ അദ്ദേഹത്തെ അവിടെ നിന്ന് അടിച്ചോടിക്കുകയുണ്ടായി. ബംഗാളി സ്വത്വം, ഭാഷ, ജാതി തുടങ്ങിയ വിഷയങ്ങളിൽ തീവ്രമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ഗാർഗ ചാറ്റർജി. ‘ബംഗ്ലാ പോക്കോ’ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം തന്റെ വിവാദപരമായ പ്രസ്താവനകളിലൂടെ മുൻപും പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Photo and News Source: Janmabhumi