കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും അമിത സ്വാധീനമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടിയാണെന്നും, കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുസ്ലിം ലീഗ് ഭാസ്കര പട്ടേലരായും കോൺഗ്രസ് തൊമ്മിയായും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ നിന്നുള്ള മുസ്ലിം മന്ത്രി പാണക്കാട് സന്ദർശിച്ചത് ദുരൂഹമാണെന്നും, ഷാഫി പറമ്പിലിന്റെ കൂറുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നും സുരേഷ് ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തിയത് ലീഗിന്റെയും എസ്ഡിപിഐയുടെയും വോട്ടുകൾ കൊണ്ട് മാത്രമാണെന്ന് കരുതേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടർന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഭരണസ്തംഭനത്തെക്കുറിച്ചും ബിജെപി രൂക്ഷമായി വിമർശിച്ചു. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാഠപുസ്തകങ്ങൾ തയ്യാറാകാത്തതും, പിഎം ശ്രീ (PM SHRI) പദ്ധതിയിലൂടെ ലഭിക്കേണ്ട 440 കോടി രൂപ നഷ്ടമാകുന്നതും സർക്കാരിന്റെ അനാസ്ഥയാണെന്ന് സുരേഷ് കുറ്റപ്പെടുത്തി. കൂടാതെ, തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകർ താലിബാൻ മോഡൽ അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും, മഞ്ചേശ്വരത്തും കാസർകോടും ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും ലീഗും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Photo and News Source: Janmabhumi









