സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ആർജെ ബാലാജി ചിത്രം 'കറുപ്പ്' മെയ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുകയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷോ പുലർച്ചെ നാല് മണിക്ക് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഔദ്യോഗിക സമയം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രം രാവിലെ ഒമ്പത് മണിക്കായിരിക്കും തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുക.

ഈ തീരുമാനത്തിന് അനുമതി നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവെച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിലാകും ഇരുവരും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുക.

ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ജി കെ വിഷ്‍ണു ഛായാഗ്രഹണവും കലൈവാനൻ എഡിറ്റിംഗും നിർവഹിക്കുന്നു. അൻബറിവ്‌, വിക്രം മോർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

Photo and News Source: Asianet News