തങ്ങൾക്കെതിരായ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ആണവായുധ നിർമ്മാണത്തിലേക്ക് കടക്കുമെന്ന് ഇറാൻ അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പ് നൽകി. നിലവിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന യുറേനിയം സമ്പുഷ്ടീകരണം, ആണവ ബോംബ് നിർമ്മാണത്തിന് ആവശ്യമായ 90 ശതമാനം പരിശുദ്ധിയിലേക്ക് ഉയർത്തുമെന്നാണ് ടെഹ്‌റാന്റെ ഭീഷണി. ഇക്കാര്യം പാർലമെന്റിൽ ഗൗരവമായി ചർച്ച ചെയ്യുമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി വക്താവ് ഇബ്രാഹിം റെസായി വ്യക്തമാക്കി.

നിലവിൽ ഇറാൻ കൈവശം വെച്ചിരിക്കുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം, ആയുധങ്ങൾക്കാവശ്യമായ 90 ശതമാനത്തിലേക്ക് എത്തിക്കാൻ സാങ്കേതികമായി വലിയ പ്രയാസമില്ല. ഇറാന്റെ കൈവശമുള്ള 400 കിലോഗ്രാമോളം വരുന്ന യുറേനിയം ശേഖരം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഈ ആണവ പ്രശ്നം വലിയൊരു തടസ്സമായി തുടരുകയാണ്.

ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിദേശത്തേക്ക് മാറ്റണമെന്നും ആഭ്യന്തര സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്നുമാണ് വാഷിങ്ടണിന്റെ ആവശ്യം. എന്നാൽ, ആണവ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അത് മറ്റൊരു ഘട്ടത്തിലേക്ക് മാറ്റണമെന്നുമാണ് ഇറാൻ നിലപാട്. ഇറാന്റെ ആണവ പദ്ധതികളെ തടയാൻ അവരുടെ യുറേനിയം ശേഖരം നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇറാന്റെ പുതിയ പ്രഖ്യാപനം മേഖലയിലെ സൈനിക സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Photo and News Source: Suprabhaatham