തുടര്‍ഭരണം നഷ്ടമായ സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നോവലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമായ എം മുകുന്ദന്‍ രംഗത്ത്. സുകുമാര്‍ അഴീക്കോട് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഇത്തരമൊരു പരാജയം സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയിലെ ഭരണാധികാരികളുടെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവരെ തിരുത്താന്‍ അഴീക്കോടിന്റെ വാക്കുകള്‍ക്ക് അസാമാന്യമായ കരുത്തുണ്ടായിരുന്നുവെന്ന് മുകുന്ദന്‍ ചൂണ്ടിക്കാട്ടി. 'രാഷ്ട്രീയത്തിലെ കുലപതികളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധികാരത്തിലിരിക്കുന്നവരെ അദ്ദേഹം ഉന്നം വെച്ചിരുന്നു. നമ്മള്‍ ജീവിക്കുന്നത് വളരെ കലുഷമായ ഒരു കാലഘട്ടത്തിലാണ്. നമ്മള്‍ വിശ്വസിക്കുന്ന പല കാര്യങ്ങളും നമ്മളെ കബളിപ്പിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ അഴീക്കോടിന് അര്‍ഹമായ ഒരു സ്മാരകം നിര്‍മ്മിക്കാത്തതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാര്‍ട്ടിക്ക് വേണ്ടി സാഹിത്യമെഴുതാത്ത എഴുത്തുകാരനായതുകൊണ്ടാണ് അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്തതെന്ന് മുകുന്ദന്‍ ആരോപിച്ചു. എങ്കിലും, വരാനിരിക്കുന്ന സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സ്മാരകത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Samakalika Malayalam










