പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് ആശങ്കയാകുന്നു. ഇതിനെ നേരിടാന്‍ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം വീണ്ടും പ്രോത്സാഹിപ്പിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്നും ഇത്തരമൊരു സൂചന അനൗദ്യോഗികമായി ലഭിച്ചുകഴിഞ്ഞു. യുദ്ധം രൂക്ഷമായാല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി കടുത്ത നടപടികളിലേക്ക് രാജ്യം നീങ്ങിയേക്കും.
നഗരങ്ങളിലെ ചെറുകിട സമ്പദ്വ്യവസ്ഥയെ ഈ തീരുമാനം ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഐടി പാര്‍ക്കുകളെയും ബിസിനസ് കേന്ദ്രങ്ങളെയും ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ചെറുകിട വ്യാപാരികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, പേയിംഗ് ഗസ്റ്റ് ഉടമകള്‍ എന്നിവരാണ് പ്രതിസന്ധിയിലാകുന്നത്. കോവിഡ് കാലത്തെ നഷ്ടങ്ങളില്‍ നിന്ന് കരകയറി വരുന്നതേയുള്ളൂ പലരും.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഹോട്ടല്‍ നടത്തുന്ന അശോകന്‍ പറയുന്നത് ഇങ്ങനെയാണ്: "കോവിഡ് സമയത്ത് ഓഫീസുകള്‍ അടഞ്ഞതോടെ വരുമാനം ഏകദേശം 70 ശതമാനത്തോളം കുറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ഭയത്തിലാണ് ഞങ്ങള്‍." വലിയ വാടക നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് വരുമാനത്തിലെ ഇടിവ് വലിയ തിരിച്ചടിയാകും.
ഗതാഗത മേഖലയെയും ഇത് സാരമായി ബാധിക്കും. ഓഫീസ് യാത്രക്കാരെ ആശ്രയിക്കുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സ്ഥിരം വരുമാനമാണ് നഷ്ടപ്പെടുക. ഇഎംഐ തിരിച്ചടവുകള്‍ മുടങ്ങുന്നത് പലരെയും കടക്കെണിയിലാക്കും. കൂടാതെ, ഐടി ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പേയിംഗ് ഗസ്റ്റ്, ഹോസ്റ്റല്‍ മേഖലകളിലും വലിയ ഇടിവുണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനികളെ സംബന്ധിച്ചിടത്തോളം ഓഫീസ് സ്പേസ്, വൈദ്യുതി, ഗതാഗതം തുടങ്ങിയവയിലെ ചെലവ് കുറയ്ക്കാന്‍ 'വര്‍ക്ക് ഫ്രം ഹോം' സഹായിക്കുമെങ്കിലും, ജീവനക്കാരുടെ മാനസികാരോഗ്യം, ടീം സഹകരണം എന്നിവയില്‍ ഇത് ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഏതായാലും വരാനിരിക്കുന്ന ദിവസങ്ങളിലെ യുദ്ധസാഹചര്യം തന്നെയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Photo and News Source: Dhanam










