തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ എളിമയും പെരുമാറ്റരീതിയും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ അന്തരിച്ച വിജയ്കാന്തിന്റെ ഭാര്യ പ്രേമലത വിജയ്കാന്തിനെ സ്വീകരിച്ച രീതിയാണ് ആരാധകരുടെ മനംകവർന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ വേദിയിലേക്ക് എത്തിയ പ്രേമലതയെ കണ്ട് വിജയ് തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതുകൊണ്ട് ആദരവോടെ സ്വീകരിക്കുകയായിരുന്നു.
വിജയ്‌യുടെ ഈ പ്രവൃത്തി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും സംസ്കാരത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. അധികാരത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വന്നവഴി മറക്കാത്ത, മുതിർന്നവരോട് ആദരവ് കാണിക്കുന്ന നേതാവാണ് വിജയ് എന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവായ വിലയിരുത്തൽ. രാഷ്ട്രീയ എതിരാളിയാണെങ്കിൽ പോലും പ്രേമലതയോട് കാണിച്ച ഈ മാന്യത വലിയ തോതിൽ പ്രശംസിക്കപ്പെടുന്നു.
വിരുദാചലം മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി എസ്. വിജയ്‌യെ പരാജയപ്പെടുത്തിയത് പ്രേമലതയായിരുന്നു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് ഡിഎംഡികെ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഡിഎംഡികെയുടെ ജനറൽ സെക്രട്ടറി കൂടിയാണ് പ്രേമലത. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, 'ഞങ്ങളുടെ പ്രിയപ്പെട്ട അനിയന് അഭിനന്ദനങ്ങൾ' എന്ന് കുറിച്ചുകൊണ്ട് പ്രേമലത സമൂഹമാദ്ധ്യമത്തിൽ ആശംസകൾ നേർന്നിരുന്നു.
Photo and News Source: Kerala Kaumudi Latest










