ലോകമെമ്പാടും വലിയ ഭീഷണിയായി മാറിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് നൂതനമായ പരിഹാരം കണ്ടെത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി വിദ്യാർഥിനി ആര്യ സതീഷ്. പരിസ്ഥിതി സൗഹൃദമായ 'ഇക്കോ പർജ്' (Eco Purge) എന്ന കണ്ടുപിടിത്തത്തിലൂടെ 2026-ലെ ആഗോള പരിസ്ഥിതി പുരസ്കാരമായ 'എർത്ത് പ്രൈസി'ന്റെ യൂറോപ്യൻ ജേതാവായി 18-കാരിയായ ആര്യ തിരഞ്ഞെടുക്കപ്പെട്ടു.
സസ്യങ്ങളിൽനിന്ന് നിർമിച്ചെടുക്കുന്ന പ്രത്യേക ബയോപ്ലാസ്റ്റിക്കാണ് ഇക്കോ പർജ്. ഈ ബയോപ്ലാസ്റ്റിക് സ്വയം വിഘടിക്കുമ്പോൾ അതിനുള്ളിൽ അടങ്ങിയിരിക്കുന്ന പ്രത്യേക എൻസൈമുകൾ പുറത്തുവരികയും, അവ സമീപത്തുള്ള മൈക്രോപ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രത്യേകത. സ്കൂളിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന പ്രോജക്റ്റിനിടയിലാണ് മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രത ആര്യ തിരിച്ചറിഞ്ഞത്.
നിലവിലുള്ള പരിഹാര മാർഗങ്ങൾ അപര്യാപ്തമാണെന്ന് കണ്ടതോടെയാണ്, സസ്യജന്യ പ്ലാസ്റ്റിക്കിനുള്ളിൽ മൈക്രോപ്ലാസ്റ്റിക്കുകളെ തകർക്കാൻ ശേഷിയുള്ള എൻസൈമുകൾ ഉൾപ്പെടുത്തി പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ആര്യ ശ്രമമാരംഭിച്ചത്. മണ്ണിലും ശുദ്ധജലത്തിലും കടൽജലത്തിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന ഈ എൻസൈമുകൾക്ക്, പരിസ്ഥിതിയിൽ ഇതിനകം അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ നീക്കംചെയ്യാൻ സാധിക്കുമെന്ന് ആര്യ വ്യക്തമാക്കുന്നു.
അയർലൻഡിലെ യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ, അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ബയോർബിക് ബയോ ഇക്കോണമി റിസർച്ച് സെന്റർ എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് ആര്യ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ ശരിയായി റീസൈക്കിൾ ചെയ്യപ്പെടുന്നുള്ളൂ എന്ന തിരിച്ചറിവാണ് തന്നെ ഈ ഗവേഷണത്തിലേക്ക് നയിച്ചതെന്ന് ആര്യ പറയുന്നു.
ലഭിച്ച പുരസ്കാര തുക ഉപയോഗിച്ച് ഇക്കോ പർജ് സാങ്കേതിക വിദ്യ പാക്കേജിങ് മെറ്റീരിയലുകളിലും കമ്പോസ്റ്റ് ബാഗുകളിലും പ്രായോഗികമായി നടപ്പിലാക്കാനാണ് ആര്യയുടെ ലക്ഷ്യം. മലപ്പുറം തുവൂർ കറുത്തേടത്ത് കുടുംബാംഗമായ സതീഷിന്റെയും പ്രജിലയുടെയും മകളാണ് ആര്യ. വർഷങ്ങളായി കുടുംബസമേതം അയർലൻഡിലെ ഡോണിഗലിലുള്ള ലിറ്റർകെനിയിലാണ് ഇവർ താമസിക്കുന്നത്.
Photo and News Source: Mathrubhumi










