കളമശേരി നഗരസഭാ പരിധിയിലെ പ്രധാന നിരത്തുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ യാത്രക്കാർക്ക് വലിയ ഭീഷണിയായി മാറുന്നു. എച്ച്.എം.ടി റോഡ്, സീപോർട്ട് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ കന്നുകാലികൾ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുന്നത് മൂലം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും പതിവായിരിക്കുകയാണ്.

നേരത്തെ, 2025 ജനുവരിയിൽ കൗൺസിലർ ജമാൽ മണക്കാടന്റെ നേതൃത്വത്തിൽ അലഞ്ഞുനടന്ന കന്നുകാലികളെ പിടികൂടി ആനിമൽ പൗണ്ടിലേക്ക് മാറ്റിയതോടെ ശല്യത്തിന് താൽക്കാലിക ശമനമുണ്ടായിരുന്നു. എന്നാൽ, എൻ.എ.ഡി റോഡ് പരിസരത്തും സമീപത്തെ പാടങ്ങളിലും ഇപ്പോഴും കന്നുകാലികളെ മേയാൻ വിടുന്നത് തുടരുകയാണ്. പോത്തുകളെ വാങ്ങി വളർത്തി കശാപ്പിന് വിൽക്കുന്ന രീതിയും ഇവിടെ വ്യാപകമാണ്.

കൈപ്പടമുഗളിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ ഉടമയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. കേസെടുത്തെങ്കിലും പോത്തിനെ കസ്റ്റഡിയിലെടുക്കാനോ ഉടമയുടെ പേര് എഫ്.ഐ.ആറിൽ ഉൾപ്പെടുത്താനോ അധികൃതർ തയ്യാറായിട്ടില്ല. പൊലീസിന്റെ ഒത്താശയോടെയാണ് ഇത്തരം നടപടികൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കന്നുകാലികൾ കാരണം ഗതാഗത തടസ്സമോ അപകടമോ ഉണ്ടായാൽ തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊലീസ് സ്റ്റേഷൻ, അല്ലെങ്കിൽ സഞ്ചയ് സിറ്റിസൺ കോർണർ പോർട്ടൽ വഴി പരാതിപ്പെടാവുന്നതാണ്. നിലവിൽ നഗരസഭയുടെ ആനിമൽ പൗണ്ട് പ്രവർത്തിക്കുന്നില്ലെങ്കിലും, പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ വ്യക്തമാക്കി.

Photo and News Source: Kerala Kaumudi Latest