രാജ്യത്തെ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരികയാണെങ്കിലും, ഉയർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു. നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വിദ്യാഭ്യാസ മേഖലയിലെ ഈ ഗുരുതരമായ പ്രതിസന്ധി വ്യക്തമാക്കുന്നത്.

റിപ്പോർട്ട് പ്രകാരം പ്രൈമറി തലത്തിൽ 90.9 ശതമാനമാണ് പ്രവേശന നിരക്കെങ്കിൽ, സെക്കൻഡറി തലത്തിൽ അത് 78.7 ശതമാനമായും ഹയർസെക്കൻഡറിയിൽ 58.4 ശതമാനമായും കുറയുന്നു. പ്രൈമറി തലത്തിൽ 0.3 ശതമാനം മാത്രമുള്ള കൊഴിഞ്ഞുപോക്ക് നിരക്ക്, സെക്കൻഡറി തലത്തിൽ 11.5 ശതമാനമായി ഉയരുന്നു. ഹയർസെക്കൻഡറി തലത്തിൽ പ്രവേശനം നേടുന്ന പത്തുപേരിൽ നാലുപേരും കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്നുവെന്നത് ഗൗരവകരമായ വിഷയമാണ്.

വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. രാജ്യത്തെ 14.71 ലക്ഷം സ്കൂളുകളിൽ 5.4 ശതമാനത്തിൽ മാത്രമാണ് ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സൗകര്യമുള്ളത്. ഇതിനാൽ ഉയർന്ന ക്ലാസുകളിലേക്ക് മാറുമ്പോൾ സ്കൂൾ മാറേണ്ടി വരുന്നതും, വീടുകളിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരവും കുട്ടികളെ പഠനത്തിൽ നിന്ന് അകറ്റുന്നു. കൂടാതെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പത്താം ക്ലാസിന് ശേഷം ജോലി തേടി പോകുന്ന വിദ്യാർഥികളുടെ എണ്ണവും ഗ്രാമീണ മേഖലകളിൽ കൂടുതലാണ്.

അതേസമയം, ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി മെച്ചമാണ്. സംസ്ഥാനത്ത് അപ്പർ പ്രൈമറി തലത്തിൽ 0.4 ശതമാനവും സെക്കൻഡറി തലത്തിൽ 4.8 ശതമാനവുമാണ് കൊഴിഞ്ഞുപോക്ക് നിരക്ക്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഹയർസെക്കൻഡറി തലത്തിലെ കൊഴിഞ്ഞുപോക്ക് നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2014-15 വർഷത്തിൽ 14.5 ശതമാനമായിരുന്ന സെക്കൻഡറി തലത്തിലെ കൊഴിഞ്ഞുപോക്ക്, ഇന്ന് മൂന്നിലൊന്നായി കുറയ്ക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.

Photo and News Source: Suprabhaatham