തിരുവനന്തപുരം മറ്റീർ മെമ്മോറിയൽ സി.എസ്.ഐ (എം.എം ചർച്ച്) ദേവാലയത്തിന്റെ 188-ാം കോൺഗ്രിഗേഷൻ ദിനവും 120-ാം ദേവാലയ വാർഷിക ആഘോഷങ്ങളും വിപുലമായ പരിപാടികളോടെ ആരംഭിച്ചു. വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആത്മീയ, സാമൂഹിക സേവന പ്രവർത്തനങ്ങളാണ് സഭ ആസൂത്രണം ചെയ്തിരിക്കുന്നത്.

സമൂഹത്തിലെ അശരണർക്കും നിർധനർക്കും കൈത്താങ്ങായി നിരവധി പദ്ധതികൾ ഈ വർഷം നടപ്പിലാക്കും. ഭവന നിർമ്മാണ സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, പഠനോപകരണ വിതരണം, വിവാഹ സഹായം, മെഡിക്കൽ ക്യാമ്പുകൾ, സൗജന്യ മരുന്ന് വിതരണം, ചികിത്സാ സഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, തൊഴിൽ മേളകൾ, സ്വയം തൊഴിൽ സഹായം, സുവിശേഷ യോഗങ്ങൾ എന്നിവയും സംഘടിപ്പിക്കും. ആർ.സി.സിയിലെ രോഗികൾക്ക് ആഴ്ചതോറും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സേവനവും ഇതിന്റെ ഭാഗമായി തുടരും.

1838 മേയ് 13-ന് ലണ്ടൻ മിഷനറി സൊസൈറ്റിയുടെ (എൽ.എം.എസ്) മിഷനറി ജോൺ കോക്‌സിന്റെ നേതൃത്വത്തിൽ പേട്ടയിലാണ് ആദ്യമായി ആരാധനാ കൂട്ടായ്‌മ ആരംഭിച്ചത്. 1861 മുതൽ 1893 വരെ തിരുവിതാംകൂറിൽ എൽ.എം.എസ് മിഷനറിയായി സേവനമനുഷ്ഠിച്ച ചരിത്രകാരൻ സാമുവൽ മറ്റീറിന്റെ സ്മരണാർത്ഥമാണ് 1906-ൽ സ്ഥാപിതമായ ഈ ദേവാലയത്തിന് ആ പേര് നൽകിയത്.

Photo and News Source: Kerala Kaumudi Latest