സിറോ മലബാർ സഭയുടെ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ വാട്‌സ്ആപ്പ് നമ്പർ ദുരുപയോഗം ചെയ്ത് ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. തന്റെ നമ്പർ ഹാക്ക് ചെയ്യപ്പെട്ടതായും, ഇതുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകി ഫോൺ കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഫാ. പോൾ തേലക്കാട്ടിന്റെ പരിചയക്കാരായ നിരവധി പുരോഹിതർക്കും സുഹൃത്തുക്കൾക്കും ഈ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായാണ് വിവരം.

പാലാരിവട്ടം സ്വദേശിയായ പി.ഐ. ഐസക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ ധ്യാന കേന്ദ്രത്തിലാണെന്നും, സുഹൃത്തിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി 35,000 രൂപ അടിയന്തരമായി വേണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയച്ചത്. വിശ്വാസ്യത ഉറപ്പാക്കാൻ പുരോഹിതന്റെ പേരും നമ്പറും ഉപയോഗിച്ചതിനാൽ പലരും തട്ടിപ്പിൽ വീഴുകയായിരുന്നു.

ആദ്യം പണം അയക്കാൻ നൽകിയ നമ്പറുകൾ പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് ക്യു.ആർ കോഡുകളും പിന്നീട് മറ്റൊരു ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ നൽകി. ഒരു പുരോഹിതന്റെ ആവശ്യം എന്ന നിലയിൽ സംശയം തോന്നിയെങ്കിലും ഐസക് പണം അയച്ചു നൽകുകയായിരുന്നു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ അദ്ദേഹം ഫാ. പോൾ തേലക്കാട്ടിനെ നേരിട്ട് വിളിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

തന്റെ നമ്പർ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞതോടെ അദ്ദേഹം ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും, പരിചയക്കാരുടെ നമ്പറിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം വന്നാൽ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

Photo and News Source: Samakalika Malayalam