കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും ജനപ്രിയമായ ലഘുസമ്പാദ്യ പദ്ധതികളിലൊന്നാണ് കിസാന്‍ വികാസ് പത്ര (Kisan Vikas Patra). റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഉറപ്പായ വരുമാനം നല്‍കുന്ന ഈ പദ്ധതി, നിക്ഷേപിക്കുന്ന തുക നിശ്ചിത കാലയളവിനുള്ളില്‍ ഇരട്ടിയാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നിലവിലെ കണക്കുകള്‍ പ്രകാരം 115 മാസം അഥവാ ഒന്‍പത് വര്‍ഷവും ഏഴു മാസവും കൊണ്ട് നിക്ഷേപം ഇരട്ടിയായി ലഭിക്കും.

ഈ പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ നിരക്ക് നിലവില്‍ 7.5 ശതമാനമാണ്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കാറുണ്ട്. സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ നിരക്കില്‍ മാറ്റങ്ങള്‍ വരാം. എങ്കിലും, സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നിക്ഷേപകര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കുന്നു.

ആയിരം രൂപയാണ് കിസാന്‍ വികാസ് പത്രയിലെ കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപത്തിന് പരിധിയില്ലാത്തതിനാല്‍ വലിയ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് മികച്ച അവസരമാണ്. ഉദാഹരണത്തിന്, അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പത്തുലക്ഷം രൂപയും, 50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഒരു കോടി രൂപയും തിരികെ ലഭിക്കും.

പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടതുണ്ട്. ഈ പദ്ധതിക്ക് ആദായനികുതി ഇളവുകള്‍ ബാധകമല്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അക്കൗണ്ട് ഉടമയുടെ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ തുക പിന്‍വലിക്കാന്‍ നിബന്ധനകളോടെ അനുവാദം ലഭിക്കും.

Photo and News Source: Samakalika Malayalam