മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഓഫീസിൽ വെച്ച് തനിക്ക് കടുത്ത മാനസിക പീഡനവും തൊഴിൽ നിഷേധവും നേരിടേണ്ടി വന്നതായി മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ആലുവ മുപ്പത്തടം സ്വദേശിനിയായ അതുല്യ പ്രകാശനാണ് സംഘടനയുടെ ഭാരവാഹികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കലൂരിലെ 'അമ്മ' ഓഫീസിൽ മാനേജരായി ജോലി നോക്കുകയായിരുന്നു ഇവർ.

2025 സെപ്റ്റംബർ 29-നാണ് അതുല്യ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, കഴിഞ്ഞ ഏപ്രിൽ 30-ന് ജനറൽ സെക്രട്ടറി തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് നിയമവിരുദ്ധമായാണെന്ന് ഇവർ ആരോപിക്കുന്നു. ട്രഷറർ ഉണ്ണി ശിവപാലിൽ നിന്ന് മോശം പെരുമാറ്റവും മാനസിക പീഡനവും ഉണ്ടായതായും അതുല്യ പരാതിയിൽ വ്യക്തമാക്കുന്നു.

ഈ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും, കൃത്യമായ കാരണം പോലും വ്യക്തമാക്കാതെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നുവെന്ന് അതുല്യ ആരോപിക്കുന്നു. തനിക്ക് ജോലിയിൽ തുടരാൻ ആവശ്യമായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴിൽ വകുപ്പിനും അതുല്യ പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ 'അമ്മ' ഭാരവാഹികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Photo and News Source: Kerala Kaumudi