കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ, കണ്ണൂരില്‍ കെ. സുധാകരന്റെ വസതിയില്‍ നേതാക്കളുടെ രഹസ്യയോഗം നടന്നതായി റിപ്പോര്‍ട്ട്. കെ.സി. വേണുഗോപാല്‍-കെ. സുധാകരന്‍ പക്ഷത്തെ പ്രമുഖര്‍ പങ്കെടുത്ത യോഗം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മുന്‍ ഡിസിസി ഭാരവാഹികളും കെപിസിസി, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം.
നിശ്ചയിച്ച പ്രകാരം തന്നെ നേതാക്കള്‍ കെ. സുധാകരന്റെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍, യോഗത്തെക്കുറിച്ച് അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ സാഹചര്യം മാറി. മാധ്യമശ്രദ്ധ പതിഞ്ഞതോടെ യോഗം മാറ്റിവെക്കുകയും നേതാക്കള്‍ അവിടെ നിന്നും മടങ്ങുകയും ചെയ്തു. കൂടാളി മണ്ഡലം പ്രസിഡന്റ് ശ്രീപ്രസാദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി, എല്‍.ജി. ദയാനന്ദ്, ഡിസിസി സെക്രട്ടറി വി.ആര്‍. പ്രസാദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
തങ്ങള്‍ നടത്തിയത് കേവലം വ്യക്തിപരമായ സന്ദര്‍ശനം മാത്രമാണെന്നാണ് നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എങ്കിലും, ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ വൃത്തങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരനെയും കെ. സുധാകരനെയും ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കണ്ണൂരില്‍ ഇത്തരമൊരു യോഗം ചേര്‍ന്നതെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളും നേതൃത്വപരമായ മാറ്റങ്ങളും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുന്നു.
Photo and News Source: Samakalika Malayalam








