ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിൽ മഹാശിവരാത്രി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 78 വർഷത്തെ പാരമ്പര്യമുള്ള ഈ ആഘോഷം ഇന്നും നാളെയും മറ്റന്നാളുമായി പെരിയാർ മണപ്പുറത്ത് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്ക് ഭജനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി കലാക്ഷേത്ര കൊച്ചിന്റെ മ്യൂസിക് ഇവന്റ്, കൈകൊട്ടിക്കളി, ഗാനമേള, തിരുവാതിര, കോലാട്ടം, സാംസ്കാരിക സമ്മേളനം, നാടകം തുടങ്ങിയ പരിപാടികൾ അരങ്ങേറും.

മണപ്പുറത്തേക്ക് ഭക്തർക്ക് സുഗമമായി എത്തിച്ചേരുന്നതിനായി പെരിയാറിന് കുറുകെ താത്കാലിക പാലം നിർമ്മിച്ചിട്ടുണ്ട്. ബലിതർപ്പണ ചടങ്ങുകൾക്കായി പ്രത്യേക പന്തലുകളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പതിനഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സേന എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്ന് കാലടി മണപ്പുറം ശിവരാത്രി ട്രസ്റ്റ് ഭാരവാഹികളായ എം.വി. സുകുമാരൻ, വി.എസ്. സുബിൻ കുമാർ എന്നിവർ അറിയിച്ചു.

അതേസമയം, മണപ്പുറത്തേക്ക് സ്ഥിരമായ ഒരു പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻ വർഷങ്ങളിൽ മണ്ണ് പരിശോധനകൾ നടത്തിയിരുന്നെങ്കിലും പാലം നിർമ്മാണം ഇപ്പോഴും സ്തംഭിച്ച അവസ്ഥയിലാണെന്ന് സായ് ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.

Photo and News Source: Kerala Kaumudi Latest