കൊച്ചിയിലെ ചമ്പക്കര കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹമാണ് തൈക്കുടം ഭാഗത്ത് കനാലിൽ ഒഴുകിനടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കറുത്ത നിറത്തിലുള്ള ടീഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Photo and News Source: Kerala Kaumudi Latest