ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കാട്ടാളൻ’ മെയ് 28-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. വലിയ പെരുന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം, ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ്.
ആനക്കൊമ്പ് കള്ളക്കടത്തിൻ്റെയും പകയുടെയും പോരാട്ടത്തിൻ്റെയും കഥ പറയുന്ന ചിത്രം, വന്യമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. തോക്കുകളുമായി നിൽക്കുന്ന താരങ്ങളുടെ പോസ്റ്ററുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സ് ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമകളിൽ ഒന്നായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
കെ.ജി.എഫ്, കാന്താര തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഗീതം നൽകിയ രവി ബസ്രൂറാണ് ഈ ചിത്രത്തിൻ്റെയും സംഗീത സംവിധായകൻ. അദ്ദേഹത്തോടൊപ്പം അജനീഷ് ലോക്നാഥും ചിത്രത്തിനായി സംഗീതം ഒരുക്കുന്നുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ടി-സീരീസ് സ്വന്തമാക്കിയപ്പോൾ, കർണാടകയിലെ വിതരണാവകാശം ഹോംബാലെ ഫിലിംസ് റെക്കോർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്. ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസിനാണ്.
140 ദിവസത്തെ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് ‘കാട്ടാളൻ’ പൂർത്തിയായത്. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. കാടിൻ്റെ വന്യതയും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയ ചിത്രം തിയേറ്ററുകളിൽ വലിയ ആവേശം നിറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo and News Source: Newsthen










