മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കായി 40 വീടുകൾ കൂടി കൈമാറി. സോൺ ഒന്നിലെ ജി, എച്ച്, ബി ക്ലസ്റ്ററുകളിലെയും സോൺ മൂന്നിലെ ജി ക്ലസ്റ്ററിലെയും വീടുകളാണ് തിങ്കളാഴ്ച കൈമാറിയത്. ഇതോടെ വിതരണം ചെയ്ത വീടുകളുടെ എണ്ണം 123 ആയി ഉയർന്നു. ഫെയ്സ് ഒന്നിൽ ആകെ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
കിഫ്കോൺ, ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി (ULCCS) എന്നിവയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സംയുക്ത പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വീടുകൾ കൈമാറുന്നത്. പരിശോധനകൾക്ക് ശേഷം വീടിന്റെ പൂർണ്ണ ഉടമസ്ഥാവകാശം ഗുണഭോക്താക്കൾക്ക് ലഭിക്കും. താക്കോൽ കൈമാറ്റം പൂർത്തിയായെങ്കിലും, 178 കുടുംബങ്ങളും ഒരുമിച്ച് ഗൃഹപ്രവേശം നടത്താനാണ് അതിജീവിതരുടെ തീരുമാനം.
മഴയ്ക്ക് മുൻപായി ഗൃഹപ്രവേശം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ചേരുന്ന യോഗങ്ങളിൽ വീടിന്റെ നിർമ്മാണ നിലവാരത്തെക്കുറിച്ച് അധികൃതർ വിശദീകരണം നൽകുന്നുണ്ട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഈ ടൗൺഷിപ്പ് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. ദുരന്തത്തിന്റെ ഓർമ്മകൾക്കിടയിലും എല്ലാവരും ഒത്തുചേരുന്നതിന്റെ സന്തോഷം ഇവർ പങ്കുവെക്കുന്നു.
നിർമ്മാണത്തിൽ അപാകതകളില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന നടക്കുന്നത്. ആദ്യഘട്ടത്തിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയുള്ള പോണ്ടിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നു. രണ്ടാം ഘട്ടത്തിൽ കിഫ്കോൺ-യു.എൽ.സി.സി.എസ്. അധികൃതർ സംയുക്തമായി പരിശോധന നടത്തും. മൂന്നാം ഘട്ടത്തിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി വീടുകൾ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നു.
Photo and News Source: Mathrubhumi









