യുകെയിലെ ലണ്ടനിൽ പ്രഭാത സവാരിക്കിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശിയും ലണ്ടനിലെ ഹാറോവിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജി ആംബ്രയിൽ മാത്യു (47) ആണ് മരണപ്പെട്ടത്. ഹാറോവിലെ റെജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
രാവിലെ നടക്കാനിറങ്ങിയ സമയത്താണ് ജോർജി കുഴഞ്ഞുവീണത്. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ഉടൻ തന്നെ ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായ ഈ വിയോഗം പ്രവാസി മലയാളികൾക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
യുകെയിലെ മലയാളി സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജോർജി. വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. റെൻജുവാണ് ഭാര്യ. കാരൻ മകളാണ്. ജോർജിയുടെ ആകസ്മികമായ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Photo and News Source: Asianet News









