സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നതോടെ, 30 രൂപയ്ക്ക് ഊൺ നൽകുക എന്നത് അസാധ്യമായി മാറിയെന്ന് നടത്തിപ്പുകാർ പറയുന്നു. നിലവിൽ പല ഹോട്ടലുകളിലും ഊണിന്റെ വില 40 മുതൽ 50 രൂപ വരെയായി വർധിപ്പിച്ചു കഴിഞ്ഞു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹോട്ടലുകളിൽ, സർക്കാർ നിഷ്കർഷിക്കുന്ന 30 രൂപ എന്ന നിരക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
2023 ഓഗസ്റ്റ് മുതൽ സബ്സിഡി ഒഴിവാക്കി 30 രൂപയ്ക്ക് ഊൺ നൽകാനായിരുന്നു സർക്കാർ നിർദേശം. ചോറ്, തോരൻ, അച്ചാർ, മൂന്ന് തൊടുകറികൾ, ഒരു ഒഴിച്ചുകറി എന്നിവ ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകണമെന്നാണ് വ്യവസ്ഥ. സിവിൽ സപ്ലൈസ് വഴി സബ്സിഡി നിരക്കിൽ അരിയും, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാടക, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സഹായവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പലയിടത്തും ഈ സഹായങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് സംരംഭകർ പരാതിപ്പെടുന്നു.
കോഴിക്കോട്ടെ ഒരു ജനകീയ ഹോട്ടൽ സംരംഭകയുടെ വാക്കുകൾ ഇങ്ങനെ: "30 രൂപയായപ്പോൾ തന്നെ പ്രയാസമായിരുന്നു. ഇപ്പോൾ ഗ്യാസിന്റെ വിലകൂടി ഉയർന്നതോടെ മുന്നോട്ടുപോകാൻ പറ്റുന്നില്ല. പലവട്ടം ഹോട്ടൽ നടത്തിപ്പിന്റെ പ്രയാസം ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചു. മന്ത്രിമാർക്കുൾപ്പെടെ പരാതി നൽകി. ഒന്നിലും തീരുമാനമായില്ല. ഈ മാസം മുതൽ 30 രൂപയെന്ന രീതി മാറ്റി. 50 രൂപയാക്കി. വേറെ നിവൃത്തിയില്ല."
അതിദരിദ്രർക്കും കിടപ്പുരോഗികൾക്കും സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതികൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, അതിനുള്ള യാത്രാച്ചെലവും മറ്റും വലിയ ബാധ്യതയാകുന്നുണ്ട്. ഊണിന് പുറമെ മറ്റ് ഭക്ഷണങ്ങൾ വിറ്റ് വരുമാനം കണ്ടെത്താൻ കുടുംബശ്രീ അധികൃതർ നിർദേശിക്കുന്നുണ്ടെങ്കിലും, ഊൺ മാത്രമായി വിൽക്കുന്ന ഹോട്ടലുകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. മഴക്കാലം കൂടി എത്തുന്നതോടെ വിറക് ലഭ്യതയിലുണ്ടാകുന്ന കുറവും പ്രതിസന്ധി വർധിപ്പിക്കുമെന്ന് നടത്തിപ്പുകാർ ആശങ്കപ്പെടുന്നു.
Photo and News Source: Mathrubhumi









