സുൽത്താൻബത്തേരി നഗരസഭയിലെ തേലമ്പറ്റ ഡിവിഷൻ മുൻ കൗൺസിലർ ടി.കെ. ജയപ്രകാശിനെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി ഒൻപതരയോടെ തൊടുവട്ടി തപോവനം-തേലമ്പറ്റ പാതയോരത്താണ് തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി മർദിച്ചതായാണ് ജയപ്രകാശ് പോലീസിന് നൽകിയ പ്രാഥമിക വിവരം. സംഭവസ്ഥലത്തുനിന്ന് ഇരുമ്പുപൈപ്പും പോലീസ് കണ്ടെടുത്തു.

ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയപ്രകാശിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടു. ജയപ്രകാശിനെ ആക്രമിച്ചവരെ ഉടൻ പിടികൂടണമെന്ന് യൂത്ത് കോൺഗ്രസും മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു.

ജയപ്രകാശിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമോ മയക്കുമരുന്ന് സംഘങ്ങളുടെ ഇടപെടലോ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.എം. യൂനുസ് അലി ആവശ്യപ്പെട്ടു. മുൻപ് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജയപ്രകാശ്, പാർട്ടിയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അകന്നുനിന്നത്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം ഭീഷണി നേരിട്ടിരുന്നതായും ലീഗ് നേതൃത്വം ആരോപിച്ചു.

അതേസമയം, ഈ സംഭവത്തിൽ സി.പി.എമ്മിനെതിരെ മുസ്‌ലിം ലീഗ് അപവാദ പ്രചാരണം നടത്തുകയാണെന്ന് സി.പി.എം. ബത്തേരി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ജയപ്രകാശിനെ നേരത്തെ പുറത്താക്കിയതെന്നും, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സി.പി.എം. ആവശ്യപ്പെട്ടു. പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും പാർട്ടി വ്യക്തമാക്കി.

Photo and News Source: Mathrubhumi